മ്യുകോർമൈക്കോസിസ് - ബ്ലാക്ക് ഫംഗസ്

IMA വനിത വിഭാഗം ചെയർപേഴ്സണും TVM Medical College ലെ പത്തോളജി വിഭാഗം ഡോക്ടറുമായ Drകവിതാ രവി ബ്ലാക്ക് ഫംഗസിനെ പറ്റി എഴുതുന്നു........

സൂക്ഷിക്കണം കറുത്ത രോഗത്തെ..

കോവിഡിനെ പോലെയോ അതിലേറെയോ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് , ഇപ്പോൾ കറുത്ത ഫംഗസ് എന്ന പേരിൽ കൂടുതലും വിളിക്കപ്പെടുന്ന മ്യുകോർമൈക്കോസിസ് എന്ന രോഗം.

ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടകം, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇതിനകം ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ താരതമ്യേനെ കുറവാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭയപ്പെടേണ്ട എന്നു പറയുമ്പോഴും കോവിഡ് വന്നു പോയ പലർക്കും ഈ രോഗം വരുമെന്ന ആശങ്കയും ഭീതിയും ഉണ്ടെന്നു തന്നെയാണ് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്.

അവരുടെ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇവിടെ കുറിക്കുന്നു

*എന്താണ് മ്യുകോർമൈക്കോസിസ്?

   Mucormycetes എന്ന ഇനം ഫംഗസ് അഥവാ പൂപ്പൽ നമ്മുടെ ശരീരത്തിൽ കടന്നു ചില അവയവങ്ങളിൽ ഉണ്ടാക്കുന്ന രോഗം.
   
Covid associated mucormycosis (CAM) കോവിഡ് ചികിത്സയിൽ തുടരുന്ന സമയത്തോ, രോഗമുക്തി ലഭിച്ചു ആഴ്ചകൾക്ക് ശേഷമോ ഉണ്ടാകാം.

*എവിടെ നിന്നാണ് ഈ രോഗാണു നമ്മുടെ ശരീരത്തിൽ കടക്കുന്നത്?

  നാം ജീവിക്കുന്ന പരിസരത്ത് പലയിടത്തും ഈ ഫംഗസ് ഉണ്ട്.
  മണ്ണ്, അഴുകിയ ഇലകൾ, അഴുകിയ പച്ചക്കറികൾ, ചാണകം, കംപോസ്റ്റ് എന്നിവയൊക്കെ ഇതിന്റെ ഉറവിടങ്ങൾ ആകാം.
  
നമ്മളുടെ ശ്വാസത്തിലൂടെയോ തൊലിപ്പുറത്തെ മുറിവിലൂടെയോ ഇവ ശരീരത്തിലേക്ക് കടക്കാവുന്നതാണ്.

*ആർക്കൊക്കെയാണ് ഈ ഫംഗസ് ബാധ സാരമായ രോഗമുണ്ടാക്കുന്നത്?

 പ്രതിരോധ ശേഷി തീരെ കുറവുള്ള ആളുകളിലാണ് ഈ രോഗം തീവ്രമാകുന്നത്.
  
~അനിയന്ത്രിതമായ പ്രമേഹമുള്ളവർ.

~സ്റ്റീറോയിഡ് മരുന്നുകളും പ്രതിരോധശക്തിയെ സ്വാധീനിക്കുന്ന Tocilizumab പോലുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി സ്വീകരിച്ച കോവിഡ് രോഗികൾ.

~അവയവമാറ്റത്തിനു ശേഷം ചികിത്സയിലുള്ളവർ.

~അർബുദ ചികിത്സയിൽ ഉള്ളവർ.

ഇവരിൽ പ്രതിരോധ ശേഷി കുറയുകയും ശ്വേത രക്താണുക്കളായ neutrophils എന്ന കോശങ്ങളുടെ പ്രവർത്തനക്ഷമത കുറയുകയും അതു മൂലം മ്യുകോർമൈക്കോസിസിന് കാരണമാകുന്ന ഫംഗസ് നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറി അവിടെ വളർന്നു പെരുകുകയും ചെയ്യുന്നു.

കുറഞ്ഞ പ്രതിരോധ ശേഷിയോടൊപ്പം രക്തത്തിൽ പഞ്ചസാരയുടെ അളവും കൂടുതലാകുമ്പോൾ ഈ ഫംഗസ് വീണ്ടും കരുത്തോടെ നമ്മുടെ കോശങ്ങളെ ആക്രമിക്കുകയും ഗുരുതരമായ രോഗബാധ ഉണ്ടാക്കുകയും ചെയ്യും.

*എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ? 

ഫംഗസ് ബാധ ഏത്‌ അവയവത്തെയാണോ ബാധിച്ചിട്ടുള്ളത് അതിനനുസൃതമാകും ലക്ഷണങ്ങളും.

അവ അഞ്ചു തരം ഉണ്ട്.

1. Rhino orbitocerebral mucormycosis
 
മൂക്ക്‌, കണ്ണുകൾ തലച്ചോർ ഇവയെ ബാധിക്കുന്നു.

2. Pulmonary mucormycosis
ശ്വാസകോശത്തെ ബാധിക്കുന്നത്.

3. Gastrointestinal mucormycosis
    ഉദരസംബന്ധമായത്.

4. Disseminated mucormycosis
 രക്തത്തിലൂടെ ശരീരം മുഴുവനും വ്യാപിക്കുന്നത്.
 
5. Primary Cutaneous Mucormycosis.

ത്വക്കിനെ മാത്രമായി ബാധിക്കുന്നത്.

ആദ്യത്തെ രണ്ടു തരം രോഗബാധയാണ് കോവിഡ് രോഗികളിൽ അധികവും കണ്ടുവരുന്നത്.

മൂക്കടപ്പ്
മൂക്കിൽ നിന്ന് രക്തം കലർന്നതോ,
തവിട്ടോ കറുപ്പോ നിറത്തിലുള്ള സ്രവം വരിക, തലവേദന,
കാഴ്ച മങ്ങുക
കണ്ണിൽ നീരു വന്നു വീർക്കുക
മൂക്കിലും മുഖത്തിന്റെ വശത്തും വേദനയും നീരും മരവിപ്പും
മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം വരിക, 
കണ്ണ്‌ പകുതി അടഞ്ഞു പോകുക,
മുകൾനിരയിലെ പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം 
ഇവയൊക്കെയാണ് ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ.

പനി, ചുമ, ശ്വാസം മുട്ടൽ, നെഞ്ചുവേദന, രക്‌തം കലർന്ന കഫം ഇവയൊക്കെ ശ്വാസകോശ രോഗബാധയുടെ സൂചനകളാണ്.

ഇത്തരം ലക്ഷണങ്ങൾ പ്രമേഹമോ മറ്റു പ്രതിരോധശേഷിക്കുറവിന് കാരണങ്ങൾ ഉള്ളവരിലോ കാണുമ്പോൾ തീർച്ചയായും ഡോക്ടറെ സമീപിക്കണം.

*രോഗസ്ഥിരീകരണം എങ്ങനെ?

രോഗം ബാധിച്ച കോശങ്ങൾ അല്ലെങ്കിൽ സ്രവങ്ങളുടെ മൈക്രോബയോളജി\പത്തോളജി പരിശോധനയിലൂടെ ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തും.

*ചികിത്സ എന്താണ്?

പ്രമേഹനില നിയന്ത്രണത്തിലാക്കുക.
Antifungal മരുന്നായ Amphotericin B നൽകുക.
തീർത്തും നശിച്ചുപോയ കോശങ്ങൾ എടുത്തുകളയുക
എന്നിങ്ങനെ രോഗതീവ്രത അനുസരിച്ചുള്ള ചികിത്സകളാണ് നൽകുന്നത്.

*ഈ ഫംഗസ് അപകടകാരി ആണെന്ന് പറയുന്നതെന്തു കൊണ്ടാണ്‌?

 രോഗബാധിതരിൽ 40% മുതൽ 80% വരെ മരണനിരക്ക് ഉണ്ടാകാം എന്നുള്ളത് ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.
 
 രോഗബാധയുള്ള അവയവങ്ങളിലെ രക്തക്കുഴലുകൾക്കുള്ളിൽ കയറി രക്തത്തിന്റെ ഒഴുക്ക് തടയുകയും അങ്ങനെ രക്തയോട്ടം ഇല്ലാത്ത ആ ഭാഗത്തു കറുപ്പു നിറം ഉണ്ടാകുകയും അവിടുത്തെ കോശങ്ങൾ നശിച്ചു പോകുകയും ചെയ്യും.
 
 രക്തക്കുഴലുകൾ വഴി ശരീരത്തിലാകമാനം വ്യാപിക്കുന്ന ഈ ഫംഗസ് വളരെ അപകടകാരിയാണ്.

• കറുത്ത ഫംഗസ് എന്നു വിളിക്കുന്നതെന്തു കൊണ്ടാണ്?

 Black fungus എന്നത് തെറ്റായ പ്രയോഗമാണ്. Melanin എന്ന pigment ഇവയിൽ ഇല്ല.
എന്നാൽ രോഗം ബാധിക്കുന്ന ഭാഗത്തു കറുപ്പു നിറം ഉണ്ടാകുന്നത് കൊണ്ടാകാം ഈ പേര്‌ ഉപയോഗത്തിൽ വന്നത്.

*മ്യുകോർമൈക്കോസിസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുമോ?

ഇല്ല.

വായുവിൽ നിന്നും ശ്വാസത്തിൽ കൂടെയാണ് നമ്മുടെ ഉള്ളിൽ ഈ ഫംഗസ് എത്തുന്നത്.

*പ്രതിരോധിക്കുവാൻ എന്തു ചെയ്യണം?

എവിടെയും എപ്പോഴും മാസ്ക് ധരിക്കുവാൻ ഒാർക്കുക.
പ്രമേഹരോഗികൾ മരുന്നുകളിലൂടെയും ആഹാരക്രമീകരണത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുവാൻ ശ്രദ്ധിക്കുക.

Post a Comment

0 Comments