കയർ

#കയർ

താഴെ കാണുന്നത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു കോമഡി സീനാണ്.ശ്രീനിവാസന്റെ മുഖഭാവം ഒക്കെ കാണുമ്പോൾ എല്ലാവർക്കും ചിരി വരും, പക്ഷേ ഈ സീൻ വരുമ്പോൾ ഞാൻ ചാനൽ മാറ്റും അല്ലെങ്കിൽ ടീവി ഓഫ്‌ ചെയ്ത് പോകും. ഇത് കണ്ടു കഴിഞ്ഞാൽ കുറച്ച് സമയത്തേക്കെങ്കിലും എന്റെ മനസ്സ് അസവസ്‌ഥമായിരിക്കും.

വർഷങ്ങൾക്ക് മുൻപ് മനഃപൂർവമല്ലെങ്കിൽ കൂടി ഞാൻ കൂടെ ഉൾപ്പെട്ട ഒരു ക്രൂരകൃത്യത്തെ കുറിച്ചോർത്ത്......

   ഗവണ്മെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. ഏഴാം  ക്ലാസ്സ്‌ തുടങ്ങിയ  സമയം.പുതിയതായി ക്ലാസ്സിലേക്ക് നാല് പേർ കൂടി വന്നു മൂന്ന് പെൺകുട്ടികളും ഒരാണും.
സെൽവൻ  എന്നായിരുന്നു അവന്റെ പേര്.
തമിഴ്‌നാട്ടിലാണ് അവന്റെ സ്വന്തം വീട്. അവന്റ അച്ഛൻ ഇവിടെയാണ്‌ ജോലിചെയ്യുന്നത് അതുകൊണ്ട് അവൻ അച്ഛന്റെ കൂടെ ഇങ്ങോട്ട് പോന്നു..

അവനാരോടും അങ്ങനെ സംസാരിക്കാറില്ലായിരുന്നു..

എല്ലാവരും പുറകിലെ ബെഞ്ചിൽ ഇരിക്കാൻ മത്സരിക്കുമ്പോൾ സെൽവന് ഇഷ്ടം ഏറ്റവും മുന്പിലെ ബെഞ്ചിൽ ഇരിക്കാനായിരുന്നു.

 മുന്പിലെ ബെഞ്ചിൽ തന്നെ അവൻ എന്നും വന്നിരിക്കും, ആരോടും ഒന്നും സംസാരിക്കില്ല , ഇന്റർവെൽ ന് ക്ലാസ്സിന് വെളിയിൽ പുറത്തിറങ്ങി കാണാറേയില്ലേ.. എന്തെങ്കിലും ചോദിച്ചാൽ കഴിവതും ഒറ്റ വാക്കിൽ തന്നെ മറുപടി പറഞ്ഞ് അവസാനിപ്പിക്കും, അതുകൊണ്ട് തന്നെ ഞങ്ങൾ ആരും അവനെ മൈൻഡ് ചെയ്യാറില്ലായിരുന്നു.

       അങ്ങനെ ഒരു ദിവസം ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് കൂട്ടുകാരുമായി  വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ക്ലാസ്സിൽ പഠിക്കുന്ന ഒരു കൂട്ടുകാരൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

എന്റെ അടുത്തിരുന്നവന്റെ ചെവിയിൽ എന്തോ പറഞ്ഞു. കേട്ടപാടെ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

"വേഗം ക്ലാസ്സിലേക്ക് വാ ഒരു കോമെഡി  ഉണ്ട് ". ഇത്രയും പറഞ്ഞ് അവൻ ക്ലാസ്സിലേക്ക് ഓടി 

കാര്യം എന്താണെന്ന് അറിയാൻ അവന്റെ പുറകേ ഞങ്ങളും  വച്ചുപിടിച്ചു ..

ക്ലാസ്സിനുള്ളിൽ  തന്നെ സെൽവൻ  നിൽക്കുന്നുണ്ടായിരുന്നു,

ക്ലാസിൽ  കേറിയ ഉടനെ തന്നെ എന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ  സെൽവന്റെ ദേഹത്തു കയറി  പിടിച്ചു.

പെട്ടന്ന് ഒന്ന് അന്ധാളിച്ചെങ്കിലും കുതറി മാറാൻ അവൻ ശ്രമിച്ചു, അപ്പോൾ വേറെ രണ്ടുമൂന്നു പേർ കൂടി ചേർന്ന്  അവനെ കീഴ്പ്പെടുത്തി,.

എല്ലാവരും കൂടെ അവന്റെ ഷർട്ട്‌ മുഴുവൻ പൊക്കി മാറ്റി..

അപ്പോൾ ഞങ്ങൾ കണ്ടത് ലൂസ് ആയ പാന്റ് ഊരി പോകാതിരിക്കാൻ ബെൽറ്റിന് പകരം ഒരു കയർ കൊണ്ട് കെട്ടി വച്ചിരിക്കുന്നതാണ്.

ഈ കാഴ്ച്ച കണ്ട് ആർക്കും ചിരിയടക്കാൻ സാധിച്ചില്ല,
ഞങ്ങൾ  എല്ലാവരും ആർത്തു ചിരിച്ചു.

ക്ലാസ്സിലെ ബഹളം ഒക്കെ കേട്ട് പെണ്ണുങ്ങളും ക്ലാസിലേക്ക് കേറി വന്നു, ഈ കാഴ്ച കണ്ട് അവരും കളിയാക്കി ചിരിച്ചു.

ഇതിനിടയിൽ നിസ്സഹായനായി നിൽക്കുകയായിരുന്നു സെൽവൻ.
കൂട്ടത്തിൽ നിന്ന് ഒരാളെങ്കിലും വന്ന് അവനെ പിടിച്ചു മറ്റുമെന്ന്  അവൻ ആഗ്രഹിച്ചിട്ടുണ്ടാകും .

പക്ഷേ ഒരാൾ പോലും അവന് വേണ്ടി ശബ്ദം ഉയർത്തിയില്ല. എല്ലാവരും അവനെ നോക്കി ആർത്തു ചിരിച്ചു.

എല്ലാവരുടെയും പരിഹാസങ്ങൾക്ക് നടുവിൽ ഒരു കോമാളിയെപ്പോലെ  അവൻ നിന്നു.

അവസാനം അവർ  അവന്റെ പിടി വിട്ടു..

സ്വതന്ത്രമായ ശേഷം അവൻ എല്ലാവരെയും നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..
പക്ഷേ അവന്റെ കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു..

കരച്ചിൽ പിടിച്ചു നിർത്താൻ സാധിക്കാതെ വന്നതോടെ അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടി.
ടീച്ചറിനോട് complaint ചെയ്യാൻ പോയതന്നെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. ചൂരൽ കൊണ്ടുള്ള അടി വാങ്ങാൻ ഞങ്ങൾ തയ്യാറെടുത്തു

പക്ഷേ അന്ന് വിഷമം സഹിക്കാൻ വയ്യാതെ ബാഗ് പോലുമെടുക്കാതെ സ്കൂളിൽ നിന്നും ഓടിയകന്ന സെൽവൻ പിന്നീട് സ്കൂളിലേക്ക് തിരിച്ചു വന്നതേയില്ല..

കുറച്ച് ദിവസം കാണാതായപ്പോൾ ഞങ്ങൾ കരുതിയത് നാണക്കേട് ഭയന്ന് വീട്ടിലിലിരിക്കുന്നതാണെന്നാണ്.
പിന്നെയും നാളുകൾ കഴിഞ്ഞു സെൽവൻ വന്നില്ല..

എല്ലാവരും അവനെ മറന്നു തുടങ്ങി.

   വീടുകൾ തോറും കയറിയിറങ്ങി വസ്ത്രം ഇസ്തിരിയിടുന്ന ജോലിയാണ് സെൽവന്റെ അച്ഛന്.

ഒരിക്കൽ യാദൃശ്ചികമായി ഞാൻ അദ്ദേഹത്തെ കണ്ടു.

ഞാൻ അദ്ദേഹത്തോട് സെൽവനെ പറ്റി ചോദിച്ചു.

" എന്ത് പറയാനാ മോനെ.. അവന് പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു.. അതുകൊണ്ടാണ് നാട്ടിൽ നിന്ന് ഇങ്ങോട്ട് വന്നത്.

കഷ്ടപ്പെട്ട് ഞാൻ അവന് ബാഗും ബുക്കുമെല്ലാം വാങ്ങി കൊടുത്തു..

സ്കൂളിൽ അവൻ ആരുമായിട്ടോ വഴക്കിട്ടു..!

  അതുകൊണ്ട്  ചെക്കന് ഇനി പഠിക്കാൻ വയ്യെന്ന് പറഞ്ഞ് തിരികെ നാട്ടിലേക്ക് പോയി

എന്താ മോനേ അവിടെ ശരിക്കും ഉണ്ടായത്.. 

ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു..

" എന്താ മോനേ അവിടെ ഉണ്ടായത്..? "

പെട്ടന്ന് അന്നത്തെ നിസ്സഹായമായ സെൽവന്റെ നോട്ടം എന്റെ മനസ്സിലേക്ക് ഓടിയെത്തി.. അതെന്നെ കൂടുതൽ തളർത്തി..

ഞാൻ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു.. എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഒരു കുറ്റവാളിയെ പോലെ ഞാൻ തല കുനിച്ചു നടന്നു.

 അതിന് ശേഷം പല രാത്രികളിലും സെൽവന്റെ നിസ്സഹായമായ ആ നോട്ടം എന്നെ വേട്ടയാടി.. " 

അന്ന് അല്പനേരത്തെ തമാശക്ക് വേണ്ടി ഞങ്ങൾ നശിപ്പിച്ചത് ഒരു ജീവിതമാണെന്ന് എനിക്ക് പിന്നീട് ബോധ്യമായി.

വർഷങ്ങൾ ഇത്ര കഴിഞ്ഞു,
ഇന്നും അവന്റെ ആ നിസ്സഹായമായ ചിരി എന്നെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നു...!

End.

Nb/ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം..! ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി ഈ കഥക്ക് യാതൊരു ബന്ധവുമില്ല..

Post a Comment

0 Comments

connected entity vilation