*ലാൽ ബഹാദൂർ ശാസ്ത്രി - ജന്മദിനം*


*ലാൽ ബഹാദൂർ ശാസ്ത്രി - ജന്മദിനം*

ലാൽ ബഹാദൂർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.

*ബാല്യം, സ്വാതന്ത്ര്യസമരം*

ശാസ്ത്രി ഉത്തർപ്രദേശിലെ മുഗൾസരയി എന്ന സ്ഥലത്ത് ജനിച്ചു. കാശി വിദ്യാപീഠത്തിൽ പഠിച്ച അദ്ദേഹത്തിന് പഠനശേഷം 1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം മൊത്തത്തിൽ ഒൻപതു വർഷത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽ‌വാസം അനുഭവിച്ചു. 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്.

*രാഷ്ട്രീയ ജീവിതം*

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് അദ്ദേഹം ഉത്തർപ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി. 1951-ൽ അദ്ദേഹം ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയിൽ‌വേ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടർന്ന് രാജിവെച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ൽ ഗതാഗതമന്ത്രിയായി.

*പ്രധാനമന്ത്രിപദത്തിലേക്ക്*

1964 മെയ് 27-ന് ജവഹർലാൽ നെഹ്റു അന്തരിച്ചു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവുസൃഷ്ടിച്ചു. കോൺഗ്രസിലെ അന്നത്തെ പ്രധാന നേതാക്കൾക്ക് സ്വന്തം പാർട്ടിഅംഗങ്ങളിൽ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാർത്ഥിയായി മുന്നോട്ടുവെക്കുവാൻ കാരണമായി. ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 1964 ജൂൺ-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ മൊറാർജി ദേശായി പ്രധാനമന്ത്രിയാവുന്നത് തടയാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.

ശാസ്ത്രി ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകൾ തമ്മിൽ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യൻ ജനതയ്ക്കിടയിൽ വലിയ ആദരം ശാസ്ത്രി നിലനിർത്തി. ഹരിതവിപ്ലവം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രിയുടെ ജനങ്ങൾക്കിടയിലെ പ്രതിച്ഛായ സഹായിച്ചു. ഇത് പിൽകാലത്ത് മിച്ചഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി.

ഇന്തോ-പാക് യുദ്ധം
കച്ച് പീഠഭൂമിക്കു അവകാശവാദം ഉന്നയിച്ചുകൊണ്ട് പാകിസ്താൻ ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ 1965 ആഗസ്തിൽ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽ‌സൺ മുന്നോട്ടുവെച്ച ഫോർമുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്താന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാൻ വ്യവസ്ഥചെയ്തു. എങ്കിലും പാകിസ്താന്റെ യഥാർത്ഥലക്ഷ്യം കശ്മീർ ആയിരുന്നു. സെപ്റ്റംബർ 1965 ഓടെ ഇന്ത്യാ സർക്കാരിനെ തകർക്കുകയും കശ്മീരിൽ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള. കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്താൻ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വൻ‌തോതിൽ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പഞ്ചാബിൽ വൻ‌തോതിലുള്ള ടാങ്ക് യുദ്ധങ്ങൾ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തിൽ ചില നേട്ടങ്ങൾ ഉണ്ടാ‍ക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യൻ സൈന്യം പ്രധാ‍നപ്പെട്ട സൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിർ പിടിച്ചെടുത്തു. അതുപോലെ പാകിസ്താനിലെ ഒരു പ്രധാന നഗരമായ ലാഹോർ ഇന്ത്യയുടെ നിരന്തരമായ റോക്കറ്റ്-പീരങ്കി ആക്രമണത്തിന് ഇരയാവുകയും ചെയ്തു.

താഷ്കന്റ് കരാറും മരണവും
വെടിനിറുത്തൽ നിലവിൽ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. 1966 ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ റഷ്യയിലെ താഷ്കന്റിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമാണ്. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാർ ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം (ഔദ്യോഗികമായി) ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി. മൃതദേഹം ഇന്ത്യയിൽ കൊണ്ടുവന്ന ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

*സ്മാരകം*

മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി. അദ്ദേഹത്തിനുവേണ്ടി ഭാരതസർക്കാർ വിജയഘട്ട് എന്ന സ്മാരകം ദില്ലിയിൽ പണിതു.

*ശാ‍സ്ത്രിയുടെ പ്രശസ്ത വാചകങ്ങൾ*

ജയ് ജവാൻ, ജയ് കിസാൻ

നിങ്ങൾ ദിവസം ഒരുനേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരുനേരത്തെ ഭക്ഷണം ലഭിക്കുന്നു.

Post a Comment

0 Comments