പോലീസിന്‍റെ വിവിധ തരം വാഹനങ്ങള്‍

പോലീസിന്‍റെ വിവിധ തരം വാഹനങ്ങള്‍ സാധാരണക്കാരന് എന്നും ആകര്‍ഷണമാണ്. നിരത്തുകളില്‍ സാധാരണ കാണുന്ന വാഹനം മുതല്‍ ബുളളറ്റ് പ്രൂഫ് ജാമര്‍ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ വരെ പോലീസിന് സ്വന്തമായുണ്ട്. അവ അടുത്തറിയാനുളള അവസരമാണ് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം പ്രമാണിച്ചുളള പ്രദര്‍ശനമേളയില്‍ ലഭിക്കുന്നത്.

ഏത് ഭൂപ്രകൃതിയിലും അനായാസം കടന്നു ചെല്ലാന്‍ കഴിയുന്ന പോലീസിന്‍റെ അഭിമാന വാഹനം ലൈറ്റ് ആംഡ് ട്രൂപ്പ് ക്യാരിയര്‍ അടുത്ത് കാണാന്‍ പ്രദര്‍ശന നഗരിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.  നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഘ വാഹനം, മലഞ്ചെരുവുകളിലൂടെ ഓടിക്കാന്‍ കഴിയുന്ന പൊളാരിസ് എന്നിവയും ഒരുക്കിയിരിക്കുന്നു. വി.ഐ.പി ഡ്യൂട്ടികളില്‍ മാത്രം കാണുന്ന മൊബൈല്‍ ജാമര്‍,  ബാഗേജ് സ്കാനര്‍ ഘടിപ്പിച്ച പ്രത്യേക സുരക്ഷാ വാഹനം എന്നിവയുടെ പ്രത്യേകതകളും അറിയാം. കൂടാതെ പോലീസിന്‍റെ അത്യാധുനിക വാഹനങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും പോലീസ് അവസരമൊരുക്കിയിട്ടുണ്ട്. 

 ലൈറ്റ് ആംഡ് ട്രൂപ്പ് ക്യാരിയര്‍ ഒരു ബുളളറ്റ് പ്രൂഫ് വാഹനമാണ്. ഏറെ സുരക്ഷാ സംവിധാനങ്ങളുളള ഈ വാഹനത്തില്‍ മുകളില്‍ ലൈറ്റ് മെഷീന്‍ ഗണ്‍ ഘടിപ്പിച്ച് വെടിയുതിര്‍ക്കാന്‍ കഴിയും. 80 ലക്ഷം രൂപ വിലയുളള ഈ വാഹനത്തില്‍ ഡ്രൈവര്‍ക്ക് പുറമെ എട്ട് സേനാംഗങ്ങള്‍ക്ക് യാത്ര ചെയ്യാം. 

 ദുര്‍ഘട പ്രദേശങ്ങളിലൂടെ അനായാസം യാത്ര ചെയ്യാന്‍ കഴിയുന്ന ഗൂര്‍ഘ വാഹനങ്ങളാണ് മറ്റൊരു ആകര്‍ഷണം. ചെളി നിറഞ്ഞ പ്രതലത്തിലും സുരക്ഷിതമായി ഓടിക്കാന്‍ കഴിയുന്ന ഡിഫറന്‍ഷ്യല്‍ ലോക്ക് സംവിധാനം ഉളളവയാണ് ഇവ.
 ലെഫ്റ്റ് ഹാന്‍റ് ഡ്രൈവ് സംവിധാനമുളള പൊളാരിസ് വാഹനമാണ് പോലീസിന്‍റെ വാഹനവ്യൂഹത്തിലെ മറ്റൊരു പ്രത്യേകത. ഏത് ഭൂപ്രകൃതിയിലും കടന്നു ചെല്ലാന്‍ കഴിയുന്ന ഈ വാഹനം 70 ഡിഗ്രി ചരിഞ്ഞ പ്രതലത്തില്‍ പോലും അപകട രഹിതമായി ഓടിക്കാം. കാടുകള്‍ക്കുളളിലെ നിരീക്ഷണത്തിനാണ് പോലീസ് ഈ വാഹനം ഉപയോഗിക്കുന്നത്. വി.വി.ഐ.പി സന്ദര്‍ശനങ്ങളിലെ വാഹനവ്യൂഹത്തില്‍ കാണുന്ന മൊബൈല്‍ ജാമര്‍ വാഹനം അടുത്ത് കാണാനും എക്സിബിഷനില്‍ അവസരമുണ്ട്.
ടാറ്റാ സഫാരി വാഹനത്തില്‍ സെന്‍സര്‍ ജാം മെഷീനും, കണ്‍ട്രോള്‍ യൂണിറ്റും ഘടിപ്പിച്ച മൊബൈല്‍ ജാമര്‍ വാഹനമാണ് കേരളാ പോലീസിന്‍റെ കൈവശമുളളത്. കൂടാതെ വി.വി.ഐ.പി ഡ്യൂട്ടികള്‍ക്ക് ഉപയോഗിക്കുന്ന സഞ്ചരിക്കുന്ന ബാഗേജ് സ്കാനര്‍ വാഹനവും പ്രദര്‍ശനനഗരിയില്‍ കാണാം.
 സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കണ്ണൂരിലെ പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും

Post a Comment

0 Comments